അംബാനി കുടുംബത്തിൽ വിവാഹത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. ആനന്ദ് അംബാനി – രാധിക മെർച്ചൻ്റ് വിവാഹത്തിൻ്റെ സേവ് ദ് ഡേറ്റ് ക്ഷണക്കത്താണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ജൂലൈ 12ന് മുംബൈ ജിയോ കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക.
മൂന്ന് ദിവസങ്ങളിലായി അതിഗംഭീര പരിപാടികളോടെ നടത്തപ്പെടുന്ന വിവാഹത്തിന്റെ വിശദാംശങ്ങൾ ക്ഷണക്കത്തിൽ വ്യക്തമാക്കുന്നുണ്ട്. ചുവപ്പും ഗോൾഡും നിറത്തിൽ ട്രഡീഷണൽ ഷെയ്ഡിൽ ഒരുക്കിയാണ് സേവ് ദ് ഡേറ്റ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. വിവാഹത്തിന്റെ ഔദ്യോഗിക ക്ഷണക്കത്ത് ഉടൻ എത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
ജൂലൈ 12ന് നടക്കുന്ന ചടങ്ങുകൾ ‘ശുഭ് വിവാഹ്’ എന്നാണ് അറിയപ്പെടുന്നത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങളാണ് അന്ന് പരിപാടിയുടെ ഡ്രസ്കോഡ്. ജൂലൈ 13ന് നവദമ്പതികൾ അതിഥികളുടെയും ബന്ധുക്കളുടെയും അനുഗ്രഹം തേടും. ഈ ദിനത്തിലെ ചടങ്ങുകൾ ‘ശുഭ് ആശിർവാദ്’ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ഫോർമൽ ഡ്രസ്കോഡാണ് അന്നേ ദിവസം ഉപയോഗിക്കുന്നത്. ജൂലൈ 14നാണ് റിസപ്ഷൻ. ‘മംഗൾ ഉത്സവ്’ എന്ന പേരിലാണ് ചടങ്ങുകൾ നടത്തുന്നത്. ‘ഇന്ത്യൻ ചിക്കാ’ണ് മംഗൾ ഉത്സവിന്റെ ഡ്രസ് കോഡ്.
ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിൽ ആർഭാട വിവാഹത്തിന്റെ രണ്ടാംഘട്ട പ്രീ വെഡിങ് ആഘോഷങ്ങൾ നടക്കുകയാണ്. കപ്പൽ ജൂൺ-1ന് ഫ്രാൻസിലെത്തും. ബോളിവുഡിലെ പ്രമുഖതാരങ്ങളെല്ലാം ഈ കപ്പൽ യാത്രയുടെ ഭാഗമാകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ലോകമെമ്പാടുമുള്ള 300ഓളം വിഐപികളാണ് കപ്പലിലുള്ളത്.