വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിച്ചില്ല എന്ന് രൂക്ഷമായ ഭാഷയിൽ ചോദിച്ച അമിത് ഷാ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും രാജ്യസഭയിൽ വ്യക്തമാക്കി. ആവർത്തിച്ചുള്ള മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും ഷാ ആരോപിച്ചു.
‘ദുരന്തത്തിൽ കേന്ദ്രത്തിന് വീഴ്‌ചയില്ല. കേരളം അടക്കം പ്രളയ സാധ്യതയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് 20 സെൻ്റീ മീറ്ററിൽ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലായ് 23-ന് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാനത്തോട് നിർദേശിച്ചു. പിന്നീട് ജൂലായ് 24, 25, 26 തീയതികളിലും ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാരിൻ്റെ വെബ് സൈറ്റിലും ഈ മുന്നറിയിപ്പ് ഉണ്ട്. എന്നാൽ, ചിലർ ഇന്ത്യൻ സൈറ്റുകൾ നോക്കില്ല. വിദേശസൈറ്റുകൾ മാത്രമേ പരിഗണിക്കൂ. സാഹചര്യം പരിഗണിച്ച് കേരളത്തിലേക്ക് എൻ.ഡി.ആർ.എഫിൻ്റെ ഒമ്പത് ബെറ്റാലിനുകളെ ജൂലൈ 23-ന് തന്നെ അയച്ചു’ എന്നാണ് അമിത് ഷാ തുറന്നടിച്ചത്.
അതോടൊപ്പം ഇത് രാഷ്ട്രീയ വാക്ക്‌പോരിനുള്ള സമയമല്ലെന്നും ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ദുരന്തത്തിൽ കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വയനാട് ഉരുൾപൊട്ടിലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിൽ അമിത് ഷാ പ്രതികരിച്ചില്ല.