ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്റെ ശിക്ഷാ വിധി നവംബർ 14ന് ശിശുദിനത്തിൽ വിധിക്കും. എറണാകുളം പ്രത്യേക പോക്സോ കോടതിയിലാണ് വാദം നടന്നത്. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസിലെ വാദം പൂർത്തിയായി.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷ നൽകുന്ന വകുപ്പുകൾ പരിഗണിക്കും. എന്നാൽ വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് ഇന്ന് പ്രൊസിക്യൂഷൻ ആവർത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂർവങ്ങളിൽ അപൂർവമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുർഗന്ധം പോലും ശ്വസിക്കാൻ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി.