പുഷ്‌പ 2 സിനിമ റിലീസിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുനെ കോടതി റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്കാണ് താരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തത്.
ഇതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ നൽകിയ ഹർജി തെലങ്കാന ഹൈക്കോടതി ഇന്ന് വൈകിട്ട് പരിഗണിക്കുകയാണ്. ഇതിൽ ഹൈക്കോടതി വിധി അനുസരിച്ചാകും നടനെ ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ഇന്ന് ഉച്ചയോടെയാണ് അല്ലു അർജുനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്‌തത്. ശേഷം ചിക്ടപള്ളി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും അല്ലുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഗാന്ധി ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.