പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ട രേവതി എന്ന യുവതിയുടെ കുടുംബത്തിന് സഹായവുമായി അല്ലു അർജുൻ. 25 ലക്ഷം രൂപയാണ് അല്ലു യുവതിയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. തൻ്റെ ഹൃദയം തകർന്നുവെന്നും രേവതിയുടെ കുടുംബത്തിന് തുടർന്ന് സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും അല്ലു അർജുൻ എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
“സന്ധ്യ തിയേറ്ററിൽ നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. വേദനയോടെ കുടുംബത്തിന് എൻ്റെ അനുശോചനം അറിയിക്കുന്നു. ഈ വേദനയിൽ അവർ തനിച്ചല്ലെന്നും കുടുംബത്തെ വ്യക്തിപരമായി കാണുമെന്നും ഉറപ്പ് നൽകുന്നു. അവർക്ക് വേണ്ട ഏത് സഹായത്തിനും ഞാൻ ഒപ്പം ഉണ്ടാകും. ആ കുടുംബത്തിന് എല്ലാ സഹായവും നൽകാൻ ഞാൻ പ്രതിജ്‌ഞാബദ്ധനാണ്. കുടുംബത്തിന് 25 ലക്ഷം ധനസഹായം നൽകും. ഇത് അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വേണ്ടി മാത്രമാണ്. രേവതിയുടെ മകൻ തേജിന്റെ എല്ലാ ചികിത്സാ ചെലവുകളും ഏറ്റെടുക്കാൻ തയ്യാറാണ്“ എന്നാണ് അല്ലു പറഞ്ഞത്.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ബുധനാഴ്‌ച രാത്രി നടന്ന പ്രിമിയർ ഷോ കാണാനെത്തിയ ദിൽഷുക്‌നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച രേവതിയുടെ മകൻ തേജ് (9) ഗുരുതരാവസ്‌ഥയിൽ ആശുപത്രി ചികിത്സയിൽ കഴിയുകയാണ്.