മരണം എപ്പോഴും അങ്ങനെയാണ് രംഗബോധമില്ലാത്ത കോമാളി! കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴ കായംകുളം പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്ഷനിൽ നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീഷ് കുമാർ(45) മരിച്ചത്. അപകടത്തിന് പിന്നാലെ സതീഷൻ മരിച്ച വിവരം ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല.
സതീഷന്റെ മകൾക്ക് ഇന്നലെ എസ്എസ്എൽസി പരീക്ഷയുണ്ടായിരുന്നു, അവൾ പരീക്ഷയെഴുതട്ടെ എന്ന് കരുതിയാണ് സതീഷന്റെ സുഹൃത്തുക്കളും ബന്ധുക്കളും മരണവിവരം അറിയിക്കാതിരുന്നത്. പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങിയതുമുതൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നിടം വരെ ധനുഷ അറിഞ്ഞില്ല ഇനി ഒരിക്കലും വീട്ടിലേക്ക് അച്ഛൻ വരില്ല എന്ന കാര്യം!!!
കായംകുളം സെന്റ് മേരീസ് സ്കൂൾ വിദ്യാർഥിയായ ധനുഷ സതീഷ് ഇന്നലെ എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ അച്ഛന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി തയ്യാറാക്കിയിരിക്കുകയായിരുന്നു.
ബന്ധുവായ അനിതയാണ് രാവിലെ ധനുഷയെ സ്കൂളിലേക്ക് കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും. ചില അധ്യാപകരും സഹപാഠികളും മരണവിവരം അറിഞ്ഞെങ്കിലും ധനുഷ അറിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ധനുഷ മടങ്ങിയെത്തിയ ശേഷമാണ് അമ്മയോടും സഹോദരി മയൂരിയോടും ബന്ധുക്കൾ മരണവിവരം പറഞ്ഞത്. കായംകുളത്തെ ഹെയർ സ്റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരിച്ച സതീഷ്.