എകെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ 6 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് ഉപയോഗിച്ചത് ഏറുപടക്കം പോലെയുള്ള സ്ഫോടക വസ്തുവാണെന്ന് പ്രാഥമിക ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നു. സ്ഫോടന ശേഷി കൂട്ടുന്ന രാസവസ്തുക്കളൊന്നും അതിൽ ചേര്‍ത്തിട്ടില്ല. വീര്യം നന്നേ കുറവായിരുന്നുവെന്നും ഫൊറന്‍സിക് റിപ്പോർട്ടിൽ പറയുന്നു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പോലീസ് പറയുമ്പോഴും പ്രതിയുടെ കാര്യത്തില്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.
സ്ഫോടക വസ്തുവെറിഞ്ഞയാൾക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നവരുടെ കാൾ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. എകെജി സെന്റിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കസ്റ്റഡിയിലെടുത്തയാള്‍ക്ക് അക്രമവുമായി ബന്ധമില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു പൊലീസ്.
പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേൽ തട്ടിയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ ഉള്ളതും പ്രതി സ്കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. ഗവ.ലോ കോളജിലേക്കു പോകുന്ന അടുത്ത ജംഗ്ഷൻ റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്.
സ്ഥലവും വഴിയുമെല്ലാം കൃത്യമായി അറിയുന്നയാളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി നഗരത്തില്‍ തന്നെയുണ്ടെന്ന സൂചനയുമുണ്ട്. സ്ഫോടക വസ്തു എറിഞ്ഞ രീതി നോക്കുമ്പോള്‍ ഇത്തരം വസ്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം ലഭിച്ചയാളാണെന്ന സംശയം പൊലീസിനുണ്ട്.