സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും ശുഹൈബ് വധക്കേസടക്കം നിരവധി കേസുകളിൽ പ്രതിയുമായ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിയോടെയാണ് ഇരുവരെയും എത്തിച്ചത്.
ആകാശും ജിജോയും സ്ഥിരം കുറ്റവാളികളാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചു. ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയണം. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളാണുള്ളത്. 23 കേസുകളുണ്ട് ജിജോ തില്ലങ്കേരിയുടെ പേരിൽ.
ശുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണ് സി പി ഐ എം ആകാശിനെതിരെ തിരിയാൻ കാരണം. സി പി ഐ എമ്മിൻ്റെ രാഷ്ട്രീയ സമ്മർദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്.