മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ. വിമാന സർവീസിന് ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. സംഭവത്തിൽ പൈലറ്റിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് എയർ ഇന്ത്യ.
കഴിഞ്ഞ ആഴ്ച ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം പറത്തിയ പൈലറ്റിനെതിരെയാണ് എയർ ഇന്ത്യ നടപടി സ്വീകരിച്ചത്. ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് പുറത്താക്കിയതിനൊപ്പം മദ്യപിച്ച് വിമാനം പറത്തുക എന്ന ക്രിമിനൽ കുറ്റം ചെയ്തതിന് എഫ്ഐആർ ഫയൽ ചെയ്യിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും എയർ ഇന്ത്യ വൃത്തങ്ങൾ വ്യക്തമാക്കി.
2023ലെ ആദ്യത്തെ ആറ് മാസം 33 പൈലറ്റുമാരും 97 ക്യാബിൻ ക്രൂ അംഗങ്ങളും ബ്രീത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടതായാണ് റിപ്പോർട്ട്. ടെസ്റ്റിൽ ആദ്യം പരാജയപ്പെട്ടാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും രണ്ടാമത്തെ വട്ടം പരിശോധനയിൽ മദ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ മൂന്ന് വർഷത്തേക്കും ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നാം വട്ടം പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യുകയാണ് പതിവ്.