എയർ ഇന്ത്യ പുതുതായി വാങ്ങിയ 100 വിമാനങ്ങൾ ഉടൻ എത്തും. വിമാനങ്ങളുടെ എണ്ണം കൂടുന്നതോടെ പ്രവാസികൾ സന്തോഷത്തിലാണ്. ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണാണ് എയർ ഇന്ത്യ നൽകുന്ന ഉറപ്പ്. യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് എം ഡി അലോക് സിങിന്റെ പ്രഖ്യാപനം.
പുതിയ വിമാനങ്ങളുടെ വരവോടെ സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസുകൾ ആരംഭിക്കും. പുതിയ സർവീസുകൾ ആരംഭിക്കുമ്പോൾ കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചേക്കുമെന്നാണ് സൂചന. കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കും. നിലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ആഴ്ചയിൽ 195 വിമാനങ്ങളുണ്ട്.
അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സപ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയും നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. മൊത്തം 70 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂർത്തിയാക്കും. വിമാന സർവീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുമാണ് ടാറ്റ ഗ്രൂപ്പ് മുൻഗണന നൽകുന്നത്.