മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. രണ്ടാം പിണറായി സർക്കാർ തുടര്‍ഭരണമേറ്റ സമയത്തെ ധാരണ പ്രകാരമാണ് രാജി. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. മന്ത്രിയെന്ന നിലയില്‍ സംതൃപ്തമായ പ്രകടനമാണ് നടത്തിയതെന്ന് അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണ്. എല്‍ഡിഎഫ് ആണ് മന്ത്രിയാക്കിയത്. എല്‍ഡിഎഫ് ധാരണ പ്രകാരമാണ് രാജിയെന്നും അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു.
സംതൃപ്തിയാടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ പോകുന്നതെന്നാണ്, രാജിക്കത്ത് നല്‍കുന്നതിന് മുമ്പ് ആന്റണി രാജു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. ഇരുവര്‍ക്കും പകരം കെ ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും പുതിയ മന്ത്രിമാരാകും. ഇന്നു ചേരുന്ന ഇടതുമുന്നണി യോഗം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ അടക്കം തീരുമാനിക്കും.
കഴിഞ്ഞ മാസം 20 -ാം തീയതിയാണ് മന്ത്രിമാര്‍ രാജിവെക്കേണ്ടിയിരുന്നത്. എന്നാല്‍ നവകേരള സദസ്സ് അവസാനിച്ചശേഷം മാത്രം മന്ത്രിമാര്‍ രാജിവെച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു. കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പും കടന്നപ്പള്ളി തുറമുഖ വകുപ്പുമാണ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.