നടി ഗൗതമിയുടെ 25 കോടിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിൽ. പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റ് രണ്ട് കുടുംബാംഗങ്ങൾ എന്നിവരെയാണ് ചെന്നൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവർക്കെതിരെ സെൻട്രൽ ക്രൈം ബ്രാഞ്ച് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കുന്നംകുളം ചൂണ്ടലിലെ വാടകവീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുവെന്നാണ് വിവരം. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്നാണ് ഗൗതമിയുടെ പരാതി. മകളുടെ പേരിലേക്ക് സ്വത്ത് മാറ്റാനും മറ്റും സഹായം തേടിയിരുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് അഴകപ്പനും ഭാര്യയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നും ചെന്നൈ കമ്മീഷണർ ഓഫീസിൽ സമർപ്പിച്ച പരാതിയിൽ പറയുന്നുണ്ട്. ശ്രീപെരുംപുത്തൂരിനടുത്ത് 25 കോടി രൂപ വിലയുള്ള ഭൂമി വിൽക്കാൻ അഴകപ്പന് പവർ ഓഫ് അറ്റോർണി നൽകി. ആ സമയത്ത് അദ്ദേഹം ചില പേപ്പറുകളിൽ ഒപ്പിടുവിച്ചു. ഈ ബോണ്ടുകൾ ദുരുപയോഗം ചെയ്യില്ലെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒപ്പ് വ്യാജമായി ഇട്ട് അഴകപ്പനും ഭാര്യയും സ്ഥലം തട്ടിയെടുത്തതായും ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ഗൗതമി വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ പാർട്ടി തന്നെ പിന്തുണച്ചില്ലെന്ന് പറഞ്ഞ് ഗൗതമി ബിജെപിയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ബിജെപി പ്രവർത്തകൻ കൂടിയായ പ്രതിയെ ഉന്നതർ ചേർന്ന് സംരക്ഷിക്കുകയാണെന്നും സഹായം ആവശ്യപ്പെട്ടെങ്കിലും ആരും പിന്തുണച്ചില്ലെന്നും ഗൗതമി ആരോപിച്ചിരുന്നു. നടി രാജിവെച്ചതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തത്.