നടൻ അല്ലു അർജുൻ അറസ്റ്റിൽ. പുഷ്‌പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തെ തുടർന്നാണ് അല്ലുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹൈദരാബാദ് ജൂബിലി ഹിൽസിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു പൊലീസിന്റെ അറസ്റ്റ്.
കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്ന ചികട്‌പല്ലി പൊലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. പുഷ്‌പ 2 പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഡിസംബർ നാലിന് രാത്രി 11 മണിക്ക് പ്രീമിയർ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ അല്ലു അർജുൻ എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ടാണ് 35-കാരിയായ രേവതി മരണപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനും പരിക്കേറ്റിരുന്നു. തിരക്കുണ്ടെന്നറിഞ്ഞിട്ടും അല്ലു തിയേറ്ററിൽ പോയതിനാലാണ് പ്രശ്നം രൂക്ഷമായതെന്നും യുവതി മരണപ്പെടാൻ കാരണമെന്നുമാണ് റിപ്പോർട്ട്.