പ്രശസ്ത തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നീണ്ട ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്ത അരസി എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് സൂര്യകിരൺ വിടവാങ്ങിയത്.
ത്രീഡിയിൽ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിലൊരാളായിരുന്നു സൂര്യകിരൺ. സ്നേഹിക്കാൻ ഒരു പെണ്ണ്, മൗന ഗീതങ്ങൾ, സത്യഭാമ, പടിക്കാത്തവൻ തുടങ്ങി 200-ലധികം ചിത്രങ്ങളിലാണ് സൂര്യകിരൺ അഭിനയിച്ചത്. 2003-ൽ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേയ്ക്ക് തിരിഞ്ഞത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ. 2020-ലെ ബിഗ് ബോസ് സീസൺ -4ലെ മത്സരാർത്ഥിയുമായിരുന്നു സൂര്യകിരൺ.
നടി കാവേരിയായിരുന്നു സൂര്യകിരണിൻ്റെ ഭാര്യ. എന്നാൽ പിന്നീട് ഇവർ ബന്ധം വേർപെടുത്തുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്ന സൂര്യകിരൺ ബിഗ് ബോസിലൂടെയായിരുന്നു തിരിച്ചുവന്നത്.