പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാനാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പ്രയോഗിക്കുന്നത്.
കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ചികിത്സാ പിഴവ് മൂലം തങ്കം ആശുപത്രിയിൽ രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രി നടപടി എടുക്കാൻ നിർദേശം നൽകിയത്.