ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 2050-ഓടെ അർബുദ രോഗികളുടെ എണ്ണം 77 ശതമാനമായി വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പ്രതിവർഷം 35 ദശലക്ഷത്തിലധികം അർബുദ ബാധിതരുണ്ടാകുമെന്നും കാൻസർ ഏജൻസിയായ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ മുന്നറിയിപ്പ് നൽകി.
പുകയില ഉപയോഗം, മദ്യപാനം, പൊണ്ണത്തടി, വായു മലിനീകരണം തുടങ്ങിയ പാരിസ്ഥിതികവും ജീവിതശൈലികളുമാണ് അർബുദരോഗികളുടെ എണ്ണത്തിലെ വർധനവിന് കാരണം. രോഗത്തെ നേരത്തേ കണ്ടെത്തുന്നതിലും ചികിത്സയിലും പരിചരണത്തിലും പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വിവിധ രാജ്യങ്ങളിൽ ഇപ്പോഴും ഇതിൽ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. രോഗനിർണയം മുതൽ ചികിത്സ വരെയുള്ള ഓരോ ഘട്ടത്തിലും പരിചരണത്തിൽ അപാകരതകൾ ഉണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
115 രാജ്യങ്ങളിൽ നടത്തിയ സർവേ ഫലങ്ങളും സംഘടന പ്രസിദ്ധീകരിച്ചു. ഭൂരിപക്ഷം രാജ്യങ്ങളും സാർവത്രിക ആരോഗ്യ പരിരക്ഷയുടെ ഭാഗമായി അർബുദത്തിനും പാലിയേറ്റീവ് കെയർ സേവനങ്ങൾക്കും വേണ്ടത്ര ധനസഹായം നൽകുന്നില്ലെന്നും സർവേ ചൂണ്ടിക്കാട്ടി.