തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു പേർ മരിച്ചു. കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം. നാല് ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.
രാത്രി 8.40-നാണ് പള്ളിപ്പുറത്ത് ഓട്ടോറിക്ഷയും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചത്. നവജാത ശിശുവും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലുമാണ് മരിച്ചത്. പ്രസവാനന്തരം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കുഞ്ഞിന്റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണ്. അപകടം നടന്ന ഉടൻ എല്ലാവരെയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൈക്കുഞ്ഞിനെയും മറ്റ് രണ്ട് പേരെയും രക്ഷിക്കാനായില്ല.
എസ്.എ.ടി. ആശുപത്രിയിൽനിന്ന് മണമ്പൂരേയ്ക്കു പോയതായിരുന്നു ഓട്ടോറിക്ഷ. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. മണമ്പൂർ കാരൂർക്കോണം സ്വദേശി മഹേഷിന്റെ ഭാര്യ അനു നാല് ദിവസം മുൻപാണ് എസ്.എ.ടി. ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകിയത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് അനുവിനെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തത്.