ഫ്ളാറ്റുകളിലും വില്ലകളിലും ജനാല, ബാൽക്കണി എന്നിവിടങ്ങളിൽ അലക്കിയ വസ്ത്രങ്ങൾ വിരിച്ചിടുന്നത് നഗരസൗന്ദര്യത്തിന് മങ്ങൽ ഏല്പിക്കുന്നതായി അബുദാബി മുനിസിപ്പാലിറ്റി. ആളുകൾ അത് മനസിലാക്കി പ്രവർത്തിക്കണമെന്നും അധികൃതർ. അബുദാബി മുനിസിപ്പാലിറ്റിയിലെ നിവാസികൾക്കായി വെർച്വൽ ബോധവത്കരണവും അധികൃതർ നടത്തി. സമൂഹ മാധ്യമങ്ങൾ വഴിയും ബോധവത്കരണം നടത്തുന്നുണ്ട്.
വസ്ത്രങ്ങൾ മാത്രമല്ല, വീട്ടിലെ മറ്റ് ഉപകരണങ്ങൾ പോലും പരസ്യമായി ക്രമീകരിച്ചാൽ അത് നഗരത്തിന്റെ സൗന്ദര്യം കുറയ്ക്കും. വസ്ത്രങ്ങൾ അലക്കി വിരിക്കാൻ മറ്റ് മാർഗങ്ങൾ തേടണം. ബാൽക്കണിയിൽ കാണാൻ കഴിയാത്ത വിധം വസ്ത്രങ്ങൾ വിരിക്കാം. അവ പറന്നുപോകുകയോ പുറത്തുകാണുകയോ ചെയ്താൽ എസ്.എം.എസ് സന്ദേശം അയക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.
നിയമ ലംഘനം കണ്ടെത്തിയാൽ ആദ്യം താമസക്കാർക്ക് മനസിലാകുന്ന ഭാഷയിൽ (അറബി, ഇംഗ്ലീഷ്, ഉറുദു ) താക്കീത് നൽകി വിട്ടയക്കും. ആവർത്തിച്ചാൽ 1000 ദിർഹം വരെ പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.