അബുദാബി വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനലിൽ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു. മുഖം നോക്കി തിരിച്ചറിയാവുന്ന സംവിധാനം നിലവില്‍ വരുന്നതോടെ എമിഗ്രേഷന്‍ ഉൾപ്പെടയുളള നടപടികൾ വേഗത്തിലാകും. ഇതോടെ പാസ്പോര്‍ട്ട്, എമിറേറ്റ്സ് െഎഡി തുടങ്ങിയ രേഖകൾ ഇല്ലാതെതന്നെ എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം.
ആദ്യഘട്ടമായി യുഎസിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലെ യാത്രക്കാർക്കാണ് സേവനം നല്‍കുക. നെക്സ്റ്റ് 50 എന്ന കമ്പനിയാണ് സംവിധാനം സജ്ജമാക്കിയത്. മുഖം സ്കാന്‍ ചെയ്യുന്നതിനോപ്പം കമ്പ്യൂട്ടര്‍ രേഖകൾ ഒത്തുനോക്കിയാണ് നടപടികൾ പൂര്‍ത്തിയാക്കുക. നിയമപരമായി യാത്രചെയ്യാൻ തടസ്സമില്ലാത്തവരാണോ എന്നും സ്പർശന രഹിത ബയോമെട്രിക് സംവിധാനം വഴി കണ്ടെത്താന്‍ കഴിയും.
പദ്ധതി നടപ്പാകുന്നതോടെ എമിഗ്രേഷനിലെ തിരക്ക് വന്‍ തോതില്‍ കുറയുമെന്നാണ് നിഗമനം. നേരത്തേ ദുബായ് വിമാനത്താവളത്തത്തിലും സമാനമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു.