നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുളള പരിശോധനകൾ ഫലപ്രദമെന്നും അബുദാബിയില്‍ കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നും പൊലീസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ നാല് വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ സേഫ് സിറ്റി പദ്ധതിയാണ് വിജയം കണ്ടത്. ഡ്രോണ്‍ സഹായത്തോടെ നടത്തുന്ന പെട്രോളിംഗില്‍ ഗതാഗതക്കുരുക്കുകൾ കണ്ടെത്താനും നിമയലംഘനങ്ങൾ കണ്ടെത്താനും പൊലീസിന് വേഗത്തിലായി. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങൾക്കും നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്താനായെന്ന് പൊലീസ് വ്യക്തമാക്കി.
പതിവായി അപകടം നടക്കുന്ന മേഖലകൾ ഡ്രോണുകൾ ഉപയോഗിച്ചുളള സ്ഥിരം നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗതക്കുരുക്കുകളെ കുറിച്ചും മൂടല്‍ മഞ്ഞുൾപ്പടെ കാലാവസ്ഥകളെ കുറിച്ചും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവും ഫലം കണ്ടു. നഗരത്തിലെ അഞ്ച് സ്മാര്‍ട് ഗേറ്റുകൾ പരസ്പരം ബന്ധിപ്പിച്ചാണ് ആശയക്കൈമാറ്റം സാധ്യമായത്. കാല്‍നടയാത്രക്കാരുടെ നിയമലംഘനം കുറയ്ക്കാനും പൊലീസിന് കഴിഞ്ഞതായി സേഫ് സിറ്റി വകുപ്പ് മേധാവി അഹമ്മദ് സുരൂർ അൽ ഷംസി വ്യക്തമാക്കി.
പൊലീസിന്‍റെ എല്ലാ സേവനമേഖലയിലും നിര്‍മ്മിതബുദ്ധി പ്രയോജനപ്പെടുത്തുന്നുണ്ട്. റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിദ്യകൾ ഉപയോഗിച്ചാണ് റെഡ് സിഗ്നല്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതും ട്രോഫിക് അപകടങ്ങൾ വിശകലനം ചെയ്യുന്നതും. അറബ് ഗതാഗത വാരാചരണത്തോട് അനുബന്ധിച്ചാണ് നൂതന സംവിധാനങ്ങളെ പറ്റിയുളള പൊലീസ് വിശദീകരണം.