വാഹനാപകടങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസിന്‍റെ ബോധവത്കരണ പ്രവര്‍ത്തനങ്ങൾ തുടരുന്നു. വാഹനങ്ങളുടെ ടയര്‍പൊട്ടി അപകടങ്ങൾ സംഭവിക്കുന്നതിന്‍റെ വീഡിയോ പുറത്തുവിട്ടാണ് പൊലീസിന്‍റെ പുതിയ ക്യാമ്പൈന്‍.
വാഹനങ്ങളുടെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. കാലപ്പഴക്കം ചെന്ന ടയറുകൾ, ജീര്‍ണിച്ച ടയറുകൾ, വിളളലോ കേടുപാടുകളൊ ഉളള ടയറുകൾ, തേഞ്ഞു തീരാറായ ടയറുകൾ എന്നിവ അപകടങ്ങൾക്ക് ഇടയാക്കുമെന്നും സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.
പുറത്തുവന്ന വീഡിയോയില്‍ രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളാണുളളത്. കേടായ ടയറുകൾ അപകടമുണ്ടാക്കുന്നത് എങ്ങനെയെന്ന വീഡിയോയില്‍ വ്യക്തമാണ്. യാത്രക്കിലെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതും അപകടത്തില്‍പെടുന്നതുമാണ് ദൃശ്യങ്ങളിലുളളത്.
കേടായതൊ പഴകിയതോ ആയ ടയറുകൾ ഉപയോഗിച്ചാല്‍ നാല് ബ്ലാക് പോയിന്‍റും 500 ദിര്‍ഹം പിഴയുമാണ് ചുമത്തുക. വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നടുറോഡില്‍ വാഹനം നിര്‍ത്തുമ്പോഴുണ്ടാകുന്ന അപകടങ്ങളെപ്പറ്റിയും പൊലീസ് വീഡിയൊ പുറത്തുവിട്ടിരുന്നു.