സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് പ്രേരണ ആയതെന്നാണ് പോലീസ് പറയുന്നത്.
സംഭവം ഉന്നയിച്ച് ആതിര നേരിട്ട് പൊലീസിൽ പരാതിയും നൽകിയിരുന്നു. മണിപ്പൂരിലെ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു അരുണിന്റെ സൈബറാക്രമണം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിക്കെതിരെ മോശം പരാമർശങ്ങളും ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ആതിര നൽകിയ പരാതിയിൽ വൈക്കം എസ്പി നേരിട്ട് ഇടപെടുകയും ചെയ്തു.
സൗഹൃദം അവസാനിപ്പിച്ച ശേഷവും ആതിരയ്ക്കൊപ്പമുളള ചിത്രങ്ങളും മറ്റും അരുൺ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ തിങ്കളാഴ്ച രാവിലെ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.