ഏഴ് വയസുകാരന്റെ ശ്വാസകോശത്തില്‍ തറച്ച സൂചി കാന്തം ഉപയോഗിച്ച് നീക്കം ചെയ്ത് ആശുപത്രി അധികൃതർ. രക്തസ്രാവത്തോടുകൂടിയ ചുമയെ തുടർന്നാണ് അപകടകരമായ അവസ്ഥയിൽ ഡൽഹി എയിംസിൽ ഏഴ് വയസുള്ള കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ റേഡിയോളജി പരിശോധനയിൽ നാല് സെന്റീമീറ്റർ നീളമുള്ള തയ്യൽ സൂചി ഇടതുശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തുകയായിരുന്നു.
സൂചി ശ്വാസകോശത്തിൽ വളരെ ആഴത്തിൽ തറച്ചിരുന്നതിനാൽ പരമ്പരാഗത ചികിത്സാ രീതികൾ ഫലപ്രദമല്ലെന്ന് തുടക്കത്തിൽ തന്നെ ഡോക്ടർമാർക്ക് വ്യക്തമായി. അതിനാൽ കുട്ടിയുടെ ആരോഗ്യം സംരക്ഷിച്ച് സൂചി വേർതിരിച്ചെടുക്കുന്നതിന് നൂതനരീതി സ്വീകരിക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്യാമെന്ന ധാരണയിലെത്തിയത്.
കാന്തത്തെ സുരക്ഷിതമായി സൂചി തറച്ചിരിക്കുന്നിടത്തേയ്ക്ക് എത്തിക്കുക എന്നതായിരുന്നു ആദ്യഘട്ടം. ഇതിനായി ഒരു പ്രത്യേക ഉപകരണം തന്നെ നിർമ്മിച്ചെടുത്തു. തുടർന്ന് ശ്വാസനാളത്തിന്റെ എൻഡോസ്കോപ്പി ഉപയോഗിച്ച് ശ്വാസകോശത്തിനുള്ളിലെ സൂചിയുടെ സ്ഥാനം കൃത്യമായി മനസിലാക്കിയ ശേഷം ശ്രദ്ധാപൂർവ്വം കാന്തം സ്ഥാപിച്ച് ഉപകരണം ഉള്ളിലേയ്ക്ക് കടത്തിവിട്ടു. തുടർന്ന് സൂചി കാന്തിക ശക്തിയോട് പ്രതികരിക്കുകയും ഉയർന്നുവരുകയും ചെയ്തതോടെ വിജയകരമായി ഡോക്ടർമാർ സൂചി വേർതിരിച്ചെടുക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.