മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഫോട്ടോയെടുത്ത രണ്ട് യുവാക്കൾക്കെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തു. രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നിൽ നിന്നാണ് ഫോട്ടോ എടുത്തത്. ഓൾഡ് മൂന്നാർ സ്വദേശികളായ സെന്തിൽ, രവി എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തത്.
കന്നിമലയിലും തെന്മലയിലുമായി രണ്ട് പേരെയാണ് ഈ ആന കൊലപ്പെടുത്തിയതായി സംശയിക്കുന്നത്. സെന്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി ചിത്രം പകർത്തുകയുമായിരുന്നു. പിന്നീട് ഇരുവരും ഇത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലാകുന്നത്. ഇതോടെ വനംവകുപ്പ് അധികൃതർ ഇരുവർക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.
ചൂട് കൂടിയ കാലാവസ്ഥയായതിനാൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുമെന്നും അവയുടെ അടുത്തേക്ക് പോകരുതെന്നും വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകളെ കാറ്റിൽ പറത്തി ജനങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയാണെന്നും പ്രകോപിപ്പിച്ചാൽ ആന അക്രമകാരികളാകുമെന്നും അപകടം നടന്നശേഷം വിലപിച്ചിട്ട് കാര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.