ആലപ്പുഴ ജില്ലയിൽ അപൂർവ രോഗം റിപ്പോർട്ട് ചെയ്തു. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസാണ് റിപ്പോർട്ട് ചെയ്തത്. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന രോഗമാണ് എൻകഫലൈറ്റിസ് .
പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്‌ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്. (മൈക്രോസ്‌കോപ്പ് ഇല്ലാതെ കാണാൻ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ്). മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി 1 മുതൽ 2 ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു. ചിലപ്പോൾ മണത്തിലോ രുചിയിലോ ഉള്ള മാറ്റമാണ് ആദ്യ ലക്ഷണം. പിന്നീട്, ആളുകൾക്ക് തലവേദന, ഓക്കാനം, എന്നിവ അനുഭവപ്പെടാം. ഈ രോഗം ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ ചികിത്സിക്കാനാകും. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു.
സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.