ക്ഷേമ പെൻഷൻ കിട്ടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പിച്ച ചട്ടിയെടുത്ത് തെരുവിൽ സമരം ചെയ്ത മറിയക്കുട്ടിയെ മലയാളികൾ മറന്നിട്ടില്ല. അതിന് പിന്നാലെ 90 വയസ്സുകാരിയുടെ സമരത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ് കേരളം.
കഴിഞ്ഞ അഞ്ചുമാസമായി പെൻഷൻ മുടങ്ങിയതിന് പിന്നാലെയാണ് 90കാരിയായ പൊന്നമ്മ നടുറോഡിൽ കസേരയിട്ട് പ്രതിഷേധിച്ചത്. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്താണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് ഒരു മണിക്കൂറോളം ഈ പ്രായമായ അമ്മ നടുറോഡിൽ കസേരയിട്ട് പ്രതിഷേധിച്ചു.
പൊന്നമ്മ റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് അറിഞ്ഞതോടെ അനുനയിപ്പിക്കാൻ വണ്ടിപ്പെരിയാർ പൊലീസ് ഓടിയെത്തി. അധികൃതരുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞാണ് പൊലീസ് താൽക്കാലികമായി സമരത്തിൽ നിന്ന് പൊന്നമ്മയെ അനുനയിപ്പിച്ചത്. കൂലിപ്പണിക്കാരനായ മകൻ മായനോടൊപ്പമാണ് പൊന്നമ്മ താമസിക്കുന്നത്. അഞ്ചു മാസമായി പെൻഷൻ കിട്ടുന്നില്ലെന്ന് പൊന്നമ്മയുടെ മകൻ പറഞ്ഞു.