ഓട്ടോമാറ്റിക് ഗേറ്റിന് ഇടയിൽ കുടുങ്ങി 9 വയസുകാരൻ മരണപ്പെട്ടു. ഇതിനുപിന്നാലെ വിവരമറിഞ്ഞ കുട്ടിയുടെ മുത്തശ്ശി ആശുപത്രിയിൽ വെച്ച് കുഴഞ്ഞു വീണുമരിച്ചു. മലപ്പുറം വൈലത്തൂർ ചിലവിൽ ചങ്ങണംകാട്ടിൽ കുന്നശ്ശേരി അബ്ദുൽ ഗഫൂറിന്റെയും സാജിലയുടെയും മകൻ മുഹമ്മദ് സിനാനാണ് ഗേറ്റിനിടയിൽ കുടുങ്ങി മരിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് സിനാൻ അപകടത്തിൽപ്പെട്ടത്. അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റ് കടന്ന് പള്ളിയിലേക്ക് നമസ്കാരത്തിന് പോകുമ്പോഴാണ് ഗേറ്റിൽ കുടുങ്ങിയത്. ഹജ്ജിന് പോയതിനാൽ ഇന്നലെ ഗേറ്റുണ്ടായിരുന്ന വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ സിനാൻ ഗേറ്റിൽ കുടുങ്ങിയത് ആരുടെയും ശ്രദ്ധയിലുംപെട്ടില്ല. വളരെ നേരം കഴിഞ്ഞ് ഇതുവഴി നടന്നുപോകുകയായിരുന്ന നാട്ടുകാരനാണ് കുട്ടി ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്.
ഉടൻ കുട്ടിയെ വൈലത്തൂരിലെ ക്ലിനിക്കിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊച്ചുമകന്റെ മരണവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ ഗഫൂറിന്റെ മാതാവ് പാങ്ങ് കല്ലങ്ങാട്ടുകുഴിയിൽ ആസ്യയാണ് (51) രാത്രി 12 മണിയോടെ കുഴഞ്ഞു വീണ് മരണപ്പെട്ടത്.