യെമനിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലുപെട്ട് 85 പേർ മരിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. മുന്നൂറോളം പേർക്ക് പരുക്കേറ്റതായും ഹൂതി അധികൃതർ അറിയിച്ചു. വ്യാപാരികൾ വിതരണം ചെയ്യുന്ന ഭക്ഷണപദാർഥങ്ങളും മറ്റും വാങ്ങാനായി ഒത്തുകൂടിയവരാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. സഹായം കൈപ്പറ്റുന്നതിനായി നൂറുകണക്കിന് പേരാണ് സ്കൂളിലെത്തിയിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തിരക്ക് നിയന്ത്രണാതീതമായതോടെ ഹൂതി സൈനികരിലൊരാൾ ആകാശത്തേക്ക് വെടിവെച്ചു. ബുള്ളറ്റ് വൈദ്യുതി ലൈനിൽ തട്ടുകയും വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും ചെയ്തു. പിന്നാലെ പരിഭ്രാന്തരായ ജനക്കൂട്ടം ഓടിയതാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്സാക്ഷികളായ അബ്ദുൽ റഹ്മാൻ, യഹിയ മൊഹ്സെൻ എന്നിവർ പറഞ്ഞതായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
സനയിലെ ബാബ് അൽ-യെമൻ ജില്ലയിലാണ് സംഭവം. ഏകദേശം 322 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബാബ് അൽ-യെമൻ ജില്ലയിലെ ഒരു സ്കൂളിലാണ് ഭക്ഷണവും പണവും വിതരണം നടത്തിയതെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു. തിരക്കിൽപെട്ട് മരിച്ചവരുടെ മൃതദേഹവും പരുക്കേറ്റവരേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചതായി ഹൂതി വിമത രാഷ്ട്രീയ മേധാവി മഹ്ദി അൽ മഷാത്ത് പറഞ്ഞു. 2014 മുതൽ ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമനിലെ സന നഗരം.