തയ്‌വാനിൽ 25 വർഷത്തിനിടെയുണ്ടായ ശക്തിയേറിയ ഭൂചലനം വലിയ നാശനഷ്ടമാണ് വിതച്ചത്. ഇതുവരെ 7 മരണം സ്ഥിരീകരിച്ചു. 700 ലധികം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. നിലവിൽ 77-ഓളം ആളുകൾ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദ്വീപിന്റെ കിഴക്ക് ഭാഗത്തായാണ് ശക്തമായ ഭൂകമ്പം ഉണ്ടായത്.
റിക്ടർ സ്‌കെയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 7.58 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. പരിക്കേറ്റവരിൽ 132-പേർ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപമുള്ള ഹുവാലിയൻ കൗണ്ടിയിലുള്ളവരാണ്. കഴിഞ്ഞ 25 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമേറിയ ഭൂകമ്പമാണിതെന്ന് അധികൃതർ അറിയിച്ചു. തലസ്ഥാന നഗരമായ തായ്പേയ് സിറ്റിയിൽനിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ദുരന്ത വ്യാപ്തി കൂടാമെന്ന സൂചനയാണ് നൽകുന്നത്.
നിരവധി കെട്ടിടങ്ങൾ തകർന്നു. 125-ൽ അധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കൂടാതെ സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തി വച്ചു. വരും മണിക്കൂറുകളിൽ തുടർ ചലനങ്ങളുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുളള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവരിൽ അറുപതോളം പേർ വടക്കൻ ഹുവാലീൻ കൗണ്ടിയിലെ ജിൻവെൻ ടണലിലാണ് കുടുങ്ങിയത്. ദാഷിംഗ്ഷൂയ് ടണലിൽ 15 പേരും കുടുങ്ങിക്കിടക്കുന്നുണ്ട്. ഭൂചലനത്തിന് പിന്നാലെ 90000 ത്തിൽ പരം വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. തായ് വാനെ കൂടാതെ ജപ്പാനിലും ഫിലിപ്പീൻസിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.