ചായക്കും ബ്രെഡ് ടോസ്റ്റിനും 252 രൂപയാണ് വില എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുമോ. എങ്കിൽ അത് വാസ്തവമാണ്. അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്റിലാണ് ചായക്കും ബ്രെഡ് ടോസ്റ്റിനും തീവില വാങ്ങിയത്. രണ്ട് ചായയ്ക്കും രണ്ട് കഷണം ടോസ്റ്റിനുമായി 252 രൂപയാണ് ഈടാക്കിയത്. വിലകേട്ട് ഞെട്ടിയിരിക്കുകയാണ് സഞ്ചാരികളും സോഷ്യൽ മീഡിയയും.
രാമക്ഷേത്രത്തോട് ചേർന്ന് നിർമ്മിച്ച അരുന്ദതി ഭവൻ ഷോപ്പിങ് കോംപ്ലക്സിലെ ശബരി റസോയ് എന്ന റെസ്റ്റോറന്റിലാണ് അമിത വില ഈടാക്കിയത്. രാമക്ഷേത്രത്തിനടുത്തുള്ള തെഹ്രി ബസാറിൽ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി നിർമ്മിച്ചതാണ് അരുന്ദതി ഭവൻ. ബജറ്റ് വിഭാഗത്തിലാണ് റസ്റ്റോറന്റിന് കരാർ അനുവദിച്ചിരിക്കുന്നത്. പത്ത് രൂപയ്ക്ക് ചായ നൽകണമെന്നാണ് കരാറിലുള്ളത്. ടോസ്റ്റിനും ഇതേ വിലയാണ് നിർദേശിച്ചിരുന്നത്. എന്നാൽ നിയമം ലംഘിച്ചാണ് റസ്റ്റോറന്റ് ഉടമകൾ കൊള്ളലാഭം കൊയ്യുന്നത്.
ഒരു ചായയ്ക്ക് 55 രൂപയും ടോസ്റ്റിന് 65 രൂപയുമായിരുന്നു ഈടാക്കിയത്. രണ്ട് വീതം ചായയും ടോസ്റ്റും വാങ്ങിയപ്പോൾ ജി.എസ്.ടി ഉൾപ്പെടെ 250 രൂപയായിരുന്നു ബില്ലായി ലഭിച്ചത്. റസ്റ്റോറൻ്റിലെ ബില്ല് സോഷ്യൽ മീഡിയയിൽ വൈറലായതോടെ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി(എ.ഡി.എ) നടപടിയും സ്വീകരിച്ചു. റസ്റ്റോറന്റ് ഉടമയ്ക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്.