ദേശീയ രാഷ്ട്രീയത്തെ തന്നെ ഇളക്കി മറിക്കുന്ന സംഭവവികാസങ്ങളാണ് ഇലക്ടറൽ ബോണ്ടുകളുടെ പുറത്തുവന്നതിന് പിന്നാലെ നടന്നുകൊണ്ടിരിക്കുന്നത്. മലയാളി ബിസിനസ്സുകാർ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങളും പുറത്തുവന്നിരുന്നു.
കിറ്റെക്‌സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറൽ ബോണ്ടുകളെന്നാണ് എസ്ബിഐ പുറത്തുവിട്ട പട്ടികയിലുള്ളത്. 9 കോടി, 16 കോടി രൂപയുടെ ഇലക്ടറൽ രണ്ട് ബോണ്ടുകളാണ് ട്വന്റി-20 കൺവീനർ കൂടിയായ സാബു എം ജേക്കബിൻറെ കിറ്റെക്‌സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡ്, കിറ്റെക്‌സ് ഗാർമെന്റ്‌സ് ലിമിറ്റഡ് കമ്പനികൾ വാങ്ങിയത്.
2023 ജൂലൈ 5, ഒക്ടോബർ 12 തീയതികളിലായാണ് ബോണ്ടുകൾ വാങ്ങിയത്. തൊട്ടടുത്ത മാസം നവംബറിലാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയിൽ കിറ്റെക്‌സ് ഗ്രൂപ്പിന്റെ ആദ്യ പ്രൊജക്ട് ഏതാണ്ട് പൂർത്തിയായ ഘട്ടത്തിലാണ് കിറ്റെക്‌സ് 15 കോടിയുടെ ആദ്യ ബോണ്ട് വാങ്ങുന്നത്. കിറ്റെക്‌സിന് പുറമേ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ജിയോജിത് ഇൻവെസ്റ്റ്‌മെന്റ് സർവ്വീസ് ലിമിറ്റഡ് എന്നിവയും ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. മൂത്തൂറ്റ് 3 കോടിയുടെ ബോണ്ടും ജിയോജിത് 10 ലക്ഷത്തിന്റെ ബോണ്ടുമാണ് വാങ്ങിയത്. 2018 മുതൽ കേരളത്തിൽ എസ്ബിഐ വിറ്റത് 28.4 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്. എസ്ബിഐ നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.