വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. നിയമലംഘനം നടത്തിയ 219 പ്രവാസികളാണ് അറസ്റ്റിലായത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പല മേഖലകളിൽ നടത്തിയ പരിശോധനയിലാണ് 219 പേരെ അറസ്റ്റ് ചെയ്തത്. അബ്ദാലി, വഫ, ജവഖൈർ കബ്, ബറൈഹ് സലേം എന്നീ മേഖലകളിലാണ് പരിശോധന നടത്തിയത്.
കുവൈറ്റ് വാണിജ്യ മന്ത്രാലയം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച നിരവധി പ്രവാസികൾ ഈ വർഷം അറസ്റ്റിലായിരുന്നു.