മലപ്പുറത്ത് കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരിയിൽ കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. സംഭവത്തിൽ സിനാൻ്റെ സുഹൃത്ത് ഷംനാദിനും (17) പരിക്കേറ്റിരുന്നു. ഷംനാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സിനാൻ്റെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടുപന്നി ശല്യം തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. അപകടം നടന്നയുടൻ സിനാനെ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: നസീമ. സഹോദരങ്ങൾ: ഷംന, റാഷിദ്, ആയിഷ മിൻഹ. സിനാന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.