വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് നാല് ദിവസം മാത്രം. മോചന തുകയായ 34 കോടിയിൽ (ഒന്നര കോടി സൗദി റിയാൽ) ഇതുവരെ സമാഹരിക്കാനായത് 17 കോടി രൂപയാണ്. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അബ്ദുൾ റഹീമിന്റെ കുടുംബം. ഇനി വേണ്ടത് 17 കോടി രൂപയാണ്.
പെരുന്നാൾ ദിനമായ ഇന്നലെ മാത്രം അബ്ദുറഹീമിനായി അഞ്ച് കോടി രൂപയാണ് സമാഹരിച്ചത്. അപ്പീൽ കോടതിയിൽ നിന്നു അന്തിമ വിധി വരുന്നതിന് മുമ്പ് 15 ദശലക്ഷം റിയാൽ നഷ്ടപരിഹാരമായി നൽകിയാൽ മാപ്പ് നാൽകാമെന്ന് സൗദി കുടുംബം റിയാദിലെ സാമൂഹിക പ്രവർത്തകനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് അബ്ദുറഹീമിനെ രക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് സുഹൃത്തുക്കളും നാട്ടുകാരും കടന്നത്. സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ സജീവ കാമ്പയിൻ നടക്കുന്നുണ്ട്. റിയാദിൽ റഹീം നിയമസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ ചെറിയ പെരുന്നാൾ ദിവസം ധനസമാഹരണം ലക്ഷ്യമിട്ട് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരുന്നു.
അബ്ദു റഹിം ജയിലിൽ എത്താൻ കാരണമായ സംഭവം ഇങ്ങനെയാണ്.
2006 നവംബറിൽ 26ആം വയസിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്‌പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽ ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കുകയായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബർ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനിൽ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്‌നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.