കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും അധികം സാമ്പത്തികലാഭം സ്വന്തമാക്കിയ വിമാനകമ്പനിയെന്ന ഖ്യാതി ഖത്തര്‍ എയര്‍വേസിന്. 2012-22 സാമ്പത്തിക വര്‍ഷം 560 കോടി റിയലാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. ഏകദേശം 12,000 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം.
ആഗോളതലത്തില്‍ വിമാനകമ്പനികൾ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന
കാലത്താണ് ഖത്തര്‍ എയര്‍വേസിന്റെ കുതിപ്പ്. കോവിഡ് കാലത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വ്വീസ് ഉറപ്പാക്കിയതാണ് ഖത്തര്‍ എയര്‍വേസിന് തുണയായത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ 78 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തുന്നുണ്ട്. കോവിഡിന് മുമ്പുളള കാലയളിവിനേക്കാൾ രണ്ട് ശതമാനം വര്‍ദ്ധവും പ്രകടമാണ്. 1.85 കോടി യാത്രക്കാര്‍ കഴിഞ്ഞ വര്‍ഷം ഖത്തര്‍ എയര്‍ വേസിലൂടെ യാത്ര ചെയ്തെന്നാണ് കണക്കുകൾ.
അതേസമയം കാര്‍ഗോ വരുമാനത്തില്‍ 25 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായെന്നും കണക്കുകൾ സൂചിപ്പിക്കന്നു. അറ്റാദായത്തിലും 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 1180 കോടിയില്‍ നിന്ന് 1770 കോടിയിലേക്കാണ് അറ്റാദായത്തിന്റെ വളര്‍ച്ച. കമ്പനിയുടെ 25 ആം വാര്ഷിതത്തോട് അനുബന്ധിച്ച് റെക്കോര്‍ഡ് നേട്ടം കുറിക്കാനായതും ഖത്തര്‍ എയര്‍വേസിന്റെ അഭിമാന നിമിഷമാണ്.
2022 അവസാനം ലോകകപ്പെത്തുന്നതോടെ ഖത്തറിലെ വ്യോമഗതാഗത്തില്‍ ത്വരിത വളര്‍ച്ചയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ ഇടങ്ങളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാനുളള നീക്കവും ഖത്തറിനുണ്ട്.