നമ്മുടെ നാട്ടിലെ തനത് വിഭവങ്ങൾ ലോകശ്രദ്ധ നേടുക എന്നത് നിസാര കാര്യമല്ല. രുചിയുടെ കാര്യത്തിൽ അവ മറ്റ് രാജ്യങ്ങളിലെ വിഭവങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്നത് അഭിമാനവുമാണ്. അത്തരത്തിൽ ലോകശ്രദ്ധ നേടിയിരിക്കുകയാണ് മുംബൈക്കാരുടെ പ്രധാന വിഭവമായ വടപാവ്. മുംബൈയിലെ സ്ട്രീറ്റ് ഫുഡുകളുടെ ലിസ്റ്റിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന വടപാവ് കഴിക്കാത്തവരും ചുരുക്കമായിരിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ ഇഷ്ടഭക്ഷണവും വടപാവാണെന്ന് പല അഭിമുഖങ്ങളിലും അദ്ദേഹം തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ നോർത്ത് ഇന്ത്യക്കാരുടെ ഇഷ്ട വിഭവമായ വടപാവ് ഇപ്പോൾ ലോകത്തിലെ ഭക്ഷണപ്രിയരുടെയെല്ലാം ഇഷ്ട ഭക്ഷണം കൂടിയാണ്. എങ്ങിനെയെന്നല്ലേ. ജനപ്രിയ ഭക്ഷണ യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്വിച്ചുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. അതിലാണ് ഈ ഇന്ത്യൻ വിഭവവും ഉൾപ്പെട്ടിരിക്കുന്നത്. പട്ടികയിൽ 19-ാം സ്ഥാനത്താണ് വടപാവ്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവത്തിന് വില വളരെ കുറവാണ് എന്നതിനാൽ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണം കൂടിയാണിത്. ഒരു മൃദുവായ ബ്രെഡ് രണ്ടായി മുറിച്ച് അതിന്റെ നടുവിൽ ഉരുളക്കിഴങ്ങും വെളുത്തുള്ളിയുമൊക്കെ ചേർത്ത ഫില്ലിങ്ങ് വെയ്ക്കും. അതിനോടൊപ്പം ചട്നികളും ചേർക്കും. ഇത്തരത്തിൽ പല വിധത്തിലുള്ള വടപാവുകൾ മുംബൈയിൽ ലഭ്യമാണ്. ഇപ്പോൾ മുംബൈക്ക് പുറമെ നമ്മുടെ നാട്ടിലും ഈ വിഭവം സുലഭമാണ്.