‘അഗ്ലി കാന്‍ ബി ബ്യൂട്ടിഫുള്‍’ മ്ളേച്ചമായതിനുമുണ്ട് സൌന്ദര്യം. ലോകപ്രശസ്തമായ ഒരു ക്യാമ്പൈനാണത്. ഏത് പ്രൊഡക്ടിൻ്റെയാണെന്ന് അറിയാമോ? വിചിത്രമായ രൂപത്തിൽ, 13 സുഷിരങ്ങളുള്ള, കടുംനിറത്തിൽ പുറത്തിറക്കിയ ഒരു ചെരുപ്പിൻ്റെ പരസ്യം
മുതലയുടെ മുഖസാദ്യശ്യമാണ് ആ ചെരുപ്പിന് ക്രോക്സ് എന്ന വിളപ്പേര് നൽകിയത്. റബറിനേക്കാളും പ്ലാസ്റ്റിക്കിനേക്കാളും ഗുണനിലവാരം കൂടിയ ക്രോസ്‌ലൈറ്റ് (എഥിലിന്‍ വിനൈന്‍ അസറ്റേറ്റ് ) എന്ന പോളിമർ മെറ്റീരിയലാണ് ക്രോക്സ് ചെരുപ്പ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. വെയ്റ്റ് ലെസ്സാണ്, വെള്ളം തങ്ങിനിൽക്കില്ല, ഷോക്ക് അബ്‌സോര്‍ബിങ്ങ് കപ്പാസിറ്റി എന്നിവയൊക്കയാണ് ഗുണം. ഏറെക്കാലം ഈടുനിൽക്കുമെന്ന പ്രത്യേകതയുമുണ്ട്.
കാനഡയിലെ ക്യൂബേകില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോം ക്രിയേഷന്‍ കമ്പനിയിലെ ജീവനക്കാരനായ ആന്‍ഡ്രൂ റെഡ്ഡിഹോഫാണ് ക്രോക്‌സിൻ്റെ ആദ്യത്തെ രൂപം ഡിസൈന്‍ ചെയ്തത്. വെള്ളത്തിലിറങ്ങി പണിയെടുക്കുന്നവർക്കായി നിർമ്മിച്ചതാണ് ഇത്തരം ചെരുപ്പുകൾ. അന്ന് അതിന് ക്രോക്‌സ് എന്ന ബ്രാന്‍ഡ് പേരൊന്നും ഉണ്ടായിരുന്നില്ല.
2000ല്‍ സ്‌കോട്ട് സീമാന്‍സ്, ലിൻ്റന്‍ ഹാന്‍സണ്‍, ജോര്‍ജ് ബോഡെക്കര്‍ എന്ന് മൂന്ന് സുഹൃത്തുക്കള്‍ ചേർന്ന് പേറ്റൻ്റ് സ്വന്തമാക്കുകയും ചെരുപ്പിന് ക്രോക്സ് എന്ന പേരുനൽകി പുറത്തിറക്കുകയുമായിരുന്നു. എന്നാൽ നിർമ്മാതാക്കളേപ്പോലും അമ്പരപ്പിക്കുന്ന വിൽപ്പനയാണ് ചെരുപ്പിനുണ്ടായത്.
രൂപഭംഗിയില്ല, മതിയായ തരത്തിലുള്ള കംഫര്‍ട്ട് ക്രോക്‌സിനില്ല, സുഷിരങ്ങൾ സുരക്ഷിതത്വം നൽകുന്നില്ല തുടങ്ങി നിരവധി പരാതികൾ ക്രോക്സിനെതിരേ ഉയർന്നുവന്നെങ്കിലും ആവശ്യക്കാരുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിക്കുകയായിരുന്നു. 2005ൽ കമ്പനി റീബ്രാൻഡിംഗിൻ്റെ ഭാഗമായി തയ്യാറാക്കിയ ക്യാപ്ഷനാണ് ലോകം ഏറ്റെടുത്ത ‘അഗ്ലി കാന്‍ ബി ബ്യൂട്ടിഫുള്‍’ എന്നത്.
View this post on Instagram
പരസ്യം പുറത്തെത്തിയതോടെ കമ്പനിയുടെ തലവരയും മാറി. മാർക്കറ്റിൽ കമ്പനിയുടെ മൂല്യം ഉയരുകയും വിറ്റുവരവ് വർദ്ധിക്കുകയും ചെയ്തു. 2016ൽ അഞ്ച് കോടി ക്രോക്‌സ് പാദരക്ഷകളുടെ വില്‍പന പൂർത്തിയാക്കി ക്രോക്‌സ് കമ്പനി പുതിയ നാഴികകല്ല് കുറിച്ചു. പുതിയ രൂപത്തിലും ഭാവത്തിലും നിരവധി പ്രോഡക്ടറ്റുകൾ കമ്പനി പുറത്തിറക്കി. 2020 മുതല്‍ ക്രോക്‌സിൻ്റെ വില്‍പനയില്‍ പ്രതിവര്‍ഷം രണ്ടക്ക ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.ഒട്ടുമിക്ക ലൈഫ് സ്റ്റൈൽ പ്ലാറ്റ്‌ഫോമുകളിലും ക്രോക്സ് മുൻനിരയിലാണ്.
ആദ്യം അയ്യേയെന്ന് കരുതി ഒഴിവാക്കുകയോ ബാത്ത് റും ചെരുപ്പായി കരുതുകയോ ഒക്കെ ചെയ്ത ക്രോക്സ് കുട്ടികളും ചെറുപ്പക്കാരും ഏറ്റെടുത്തതോടെ ലോകോത്തര ബ്രാൻഡായി വളരുകയായിരുന്നു. ഇന്ന് ഫാഷന്‍ ലോകത്ത് സെലിബ്രിറ്റി സ്റ്റാറ്റസുളള ഐറ്റമാണ് ക്രോക്സ്. രൂപം കണ്ട് ഈ ചെരുപ്പിടാൻ തോന്നില്ലെന്ന് ആരേലും പറഞ്ഞാൽ.. ഒരിക്കലിട്ടാൽ പിന്നെ ഊരാനും തോന്നില്ലെന്നാണ് ക്രോക്സ് ആരാധകരുടെ കമൻ്റ്.