ഖത്തറിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ രക്ഷിതാക്കൾ പിഴ നൽകേണ്ടി വരും. കുട്ടികളെ വാഹനമോടിക്കാൻ അനുവദിക്കരുതെന്ന് രക്ഷിതാക്കൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ തെറ്റായ തരത്തിലാണ് വാഹനം ഓടിക്കുക. കൂടാതെ പതിമൂന്നും പതിന്നാലും വയസ്സുള്ള കുട്ടികൾക്ക് ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പൊലീസിലെ ബോധവൽക്കരണ-വിദ്യാഭ്യാസ വകുപ്പ് ഓഫിസർ മിതെബ് അലി അൽ ഖഹ്താനി വ്യക്തമാക്കി.
ഇത്തരത്തിൽ ഗതാഗത നിയമങ്ങളെക്കുറിച്ച് അവബോധമില്ലാതെ ചെറുപ്രായത്തിലുള്ള കുട്ടികൾ വാഹനം ഓടിക്കുമ്പോൾ അപകടങ്ങൾക്കു കാരണമാകും. മാത്രമല്ല പൊതുപണം നശിപ്പിക്കുക കൂടിയാണ് ഇവർ ചെയ്യുന്നത്. അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് മൂലം ഉണ്ടാവുന്ന എല്ലാ ഗതാഗത ലംഘനങ്ങൾക്കുമുള്ള പിഴത്തുക അടയ്ക്കാനും ഉത്തരവാദിത്തവും രക്ഷിതാക്കൾക്കൾ മാത്രമായിരിക്കുമെന്നും അൽ ഖഹ്താനി അറിയിച്ചു. ലൈസൻസില്ലാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുമ്പോൾ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ് രക്ഷിതാക്കൾ ചെയ്യുന്നതെന്നും അൽ ഖഹ്താനി കൂട്ടിച്ചേർത്തു.