വിമാനത്തിൽ സഹയാത്രികയെ ഉപദ്രവിച്ചു, മൂത്രമൊഴിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങൾ രൂക്ഷമാവുന്നതിന്റെ സാഹചര്യത്തിൽ കർശന നിയമങ്ങൾക്ക് രൂപം നൽകാനൊരുങ്ങി സർക്കാരും കോടതികളും. ഇന്ത്യൻ വിമാനങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ടും ഇത്തരം ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. അന്താരാഷ്ട്ര തലത്തിൽ 43 ശതമാനമാണ് ഇത്തരം സംഭവങ്ങളുടെ വർധനയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതിനാൽ വിമാനയാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് ഓരോ രാജ്യവും കർശന നിയമങ്ങളും നടപടികളുമാണ് നടപ്പാക്കുന്നത്.
ഇന്ത്യയുടെ ഏവിയേഷൻ നിയന്ത്രണ അധികാരമുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നടപടിക്രമങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുന്നത് നിർബന്ധമാണ്. ഇന്ത്യൻ വ്യോമയാന നിയമപ്രകാരം അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ മൂന്നു വിഭാഗമായാണ് വേർതിരിച്ചിരിക്കുന്നത്. കൂടാതെ പ്രശ്നങ്ങളുടെ ഗൗരവമനുസരിച്ച് യാത്രാനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ലെവൽ – 1
അനുചിത ആംഗ്യം കാണിക്കൽ, വാക്കുകൾ കൊണ്ടുള്ള ഉപദ്രവം, അനിയന്ത്രിതമായ മദ്യപാനം തുടങ്ങിയവ ഈ തലത്തിൽ വരും. സഹ യാത്രികരോടും കാബിൻ ക്രൂ എന്നിവരോടുമുള്ള പെരുമാറ്റങ്ങളും ഇതിൽ ഉൾപ്പെടും.
ലെവൽ -2
യാത്രക്കാരെയോ ക്യാബിൻ ക്രൂ അംഗങ്ങളെയോ ശാരീരികോപദ്രവം ഏൽപിക്കൽ, അനുചിതമായ സ്പർശിക്കൽ അടക്കമുള്ളവ ഈ വിഭാഗത്തിൽപെടും.
ലെവൽ-3
ജീവന് ഭീഷണിയാവുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും വിമാനത്തിന് കേടുപാട് വരുത്തുന്ന പ്രവർത്തനങ്ങളും ലെവൽ 3 ഇൽ പെടും.
ശിക്ഷ, യാത്രാനിരോധനം
ലെവൽ ഒന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾക്ക് മൂന്നു മാസം വരെയും ലെവൽ രണ്ട് വിഭാഗങ്ങൾക്ക് ആറുമാസം വരെയും യാത്രാ നിരോധനം ഏർപ്പെടുത്തും. കൂടാതെ ലെവൽ മൂന്ന് വിഭാഗങ്ങൾക്ക് ചുരുങ്ങിയത് രണ്ടു വർഷവും യാത്രാനിരോധനം ഉണ്ടായിരിക്കും.