കുവൈറ്റിൽ ല്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷം മാത്രമായി ചുരുക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റാണ് ഇക്കാര്യം അറിയിച്ചത്. ചിലർ മൂന്ന് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കുകയും പിന്നീട് തൊഴിൽ മാറ്റുകയും ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം. അതേസമയം ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ അര്‍ഹരായ പദവിയിൽ ജോലി തുടരുന്ന പ്രവാസികള്‍ക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ലൈസൻസ് പുതുക്കാൻ സാധിക്കുമെന്ന് ട്രാഫിക് അധികൃതര്‍ അറിയിച്ചു.
കോവിഡിന് മുൻപ് വരെ ഡ്രൈവിങ് ലൈസൻസ് ഉടമയുടെ വിസാ കാലാവധിക്ക് അനുസൃതമായാണ് ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകിയിരുന്നത്. എന്നാൽ കോവിഡ് കാലത്ത് കാലാവധി മൂന്ന് വർഷമായി വര്‍ധിപ്പിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുതിയ ലൈസൻസുകൾ നൽകുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള കാലാവധിയും ഒരു വര്‍ഷമായി ചുരുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടിയ വിദേശികളുടെ ഫയലുകള്‍ നേരത്തെ തന്നെ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇത്തരത്തിൽ ഡ്രൈവിങ് ലൈസൻസിന് അര്‍ഹമായ ജോലി തസ്തികയില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കുകയും പിന്നീട് ജോലി മാറുകയും ചെയ്ത നിരവധി പ്രവാസികളുടെ ലൈസന്‍സുകളാണ് കഴിഞ്ഞ മാസങ്ങളിലായി അധികൃതർ റദ്ദാക്കിയത്.