ഇംഫാലിൽ നിന്നുള്ള വിമാന സർവീസുകളുടെ ടിക്കറ്റ് നിരക്ക് 10 ഇരട്ടിയോളം വർധിപ്പിച്ച് വിമാന കമ്പനികൾ. മണിപ്പൂർ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യം മുതലെടുത്തുകൊണ്ടാണ് വിമാനക്കമ്പനികളുടെ കൊള്ള. മണിപ്പൂരിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുകയാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്.
സാധാരണ ഇംഫാലിൽ നിന്ന് കൊൽക്കത്ത വരെ യാത്ര ചെയ്യുന്നതിന് 2,500 മുതൽ 5,000 രൂപ വരെയാണ് ഒരാൾക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുന്നതിലും ഏകദേശം ഇതേ നിരക്കാണ് ഈടാക്കുക. എന്നാൽ മണിപ്പൂരിൽ കലാപം തുടങ്ങിയതോടെ ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 25,000 രൂപ വരെയായി വർധിച്ചു. ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെ സഞ്ചരിക്കാൻ 15,000 രൂപ വരെയാണ് ഇപ്പോൾ നൽകേണ്ടത്.
അതേസമയം ആക്രമണങ്ങൾക്കിടയിൽ മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ എയർ ഇന്ത്യ പ്രത്യേക ഡൽഹി-ഇംഫാൽ-ഡൽഹി വിമാന സർവീസ് ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡൽഹിയിൽ നിന്ന് യാത്ര തിരിച്ച വിമാനം 10 കൈക്കുഞ്ഞുങ്ങളടക്കം 159 യാത്രക്കാരുമായാണ് ഇംഫാലിൽ നിന്ന് തിരികെ മടങ്ങിയത്. കൂടാതെ അക്രമം രൂക്ഷമായ മണിപ്പൂരിൽ നിന്ന് ഇതുവരെ 23000 സാധാരണക്കാരെ രക്ഷപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി. നിലവിൽ മണിപ്പൂരിലെ സ്ഥിതിഗതികൾ സംഘർഷ ഭരിതമാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.