ഇൻഡിഗോ വിമാനക്കമ്പനിയെ അഭിനന്ദിച്ച് നടൻ ജയസൂര്യ. വിമാനയാത്രയ്ക്കിടെ അവിചാരിതമായി ടിക്കറ്റ് ചെക്കിങ്ങിലെ ഗ്രൗണ്ട് സ്റ്റാഫിലുള്ള പെൺകുട്ടിയുടെ ബാഡ്ജ് ജയസൂര്യയുടെ ശ്രദ്ധയിൽ പെട്ടു. ‘‘എനിക്ക് കേൾക്കാനും സംസാരിക്കാനും കഴിയില്ല, എങ്കിലും എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയും’’ എന്നായിരുന്നു ആ ബാഡ്ജിലെ വാചകം. വെറുതെ വായിച്ചതിന് ശേഷം ഓർമയിൽ നിന്ന് മായ്ച്ചു കളയേണ്ട വാക്കുകൾ അല്ല അതെന്ന് തോന്നിയതുകൊണ്ട് ആ പെൺകുട്ടിയെ ജയസൂര്യ പരിചയപ്പെടുകയും ആ അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അനുവാദം വാങ്ങിയതിനു ശേഷമായിരുന്നു കുട്ടിയുടെ ചിത്രം ജയസൂര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
ഇത് വിസ്മയമാണ്. ഇൻഡിഗോയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ജയസൂര്യ ആ പെൺകുട്ടിയുടെ ചിത്രം പങ്കുവച്ചത്. ഭിന്നശേഷിയുള്ള ഒരു പെൺകുട്ടിയെ ഇത്തരത്തിലുള്ള ഒരു ജോലിയിലേക്ക് പരിഗണിച്ചതിന് ഇൻഡിഗോയെ അഭിനന്ദിക്കാതെ വയ്യ. ഇവരും എല്ലാവരെയും പോലെ തന്നെയാണ്. കാണുന്നവരുടെ കാഴ്ചപ്പാടിലാണ് അവർക്ക് കുറവുകളുള്ളതായി തോന്നുന്നത്. സത്യത്തിൽ അവരും മിടുക്കന്മാരും മിടുക്കികളുമാണ്. അവരും എല്ലാവരെയും പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാൻ അർഹതപ്പെട്ടവരും കഴിവുള്ളവരുമാണ്. ആ കഴിവുകൾ കാണാതെ പോകുന്നതാണ് മറ്റുള്ളവരുടെ ഏറ്റവും വലിയ കുറവ്. അതാണ് ഇൻഡിഗോ ഇവിടെ കണ്ടെത്തിയത് എന്ന് ജയസൂര്യ പറഞ്ഞു.
തിരക്ക് പിടിച്ച ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ ഇത്തരം കുറവുകൾ കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ടുന്നവരെ കൂടി ചേർത്തുപിടിക്കേണ്ട ആവശ്യമുണ്ടെന്ന് ഓർമിപ്പിക്കുകയാണ് ജയസൂര്യ. കൂടാതെ വ്യക്തിജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും സമൂഹത്തിലും അംഗപരിമിതികൾ ഉള്ളവർക്ക് തുല്യമായ അവസരങ്ങൾ ലഭിക്കാൻ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്ന് കൂടി ഓർമിപ്പിക്കുകയാണ് താരം.
അവരുടെ കഴിവുകൾ സമൂഹത്തിന് വേണ്ടി ഉപയോഗിക്കാൻ കൂടുതൽ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഉണ്ടാകുമ്പോൾ ആണ് നമ്മുടേത് സംസ്കാരവുമുള്ള ഒരു സമൂഹമാകുന്നത് എന്ന സന്ദേശം കൂടി ജയസൂര്യ പങ്കുവച്ച ഓർമിപ്പിക്കുന്നുണ്ട്. അതേസമയം കാഴ്ചയ്ക്ക് പരിമിതിയുള്ള ഒരു അധ്യാപകനെ മഹാരാജാസ് കോളജിൽ ഒരു കൂട്ടം വിദ്യാർഥികൾ അപമാനിച്ച സംഭവം വിവാദമായിരുന്നു. ഇതിനിടെയാണ് ഭിന്നശേഷിക്കാരെ ചേർത്തുനിർത്തണം എന്ന സന്ദേശം പകരുന്ന ഈ ചിത്രം ശ്രദ്ധ നേടുന്നത്.