വനിതാ പൈലറ്റിന്റെ കൃത്യ സമയത്തെ ഇടപെടല്‍ മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ദുരന്തം ഒഴിവായി. വിസ്താര എയർലൈൻസിന്റെ രണ്ട് വിമാനങ്ങള്‍ക്ക് ഒരേ റണ്‍വേയില്‍ ഒരേ സമയം ലാന്‍ഡിങ്ങിനും ടേക്ക്ഓഫിനും അനുമതി നല്‍കിയതാണ് ഇതിന് കാരണം. രണ്ട് വിമാനങ്ങളിലുമായി 300 ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. തലനാരിഴക്ക് ഒഴിവായ അപകടം ഇവരുടെയെല്ലാം ജീവൻ രക്ഷിച്ചു. ഇരുവിമാനങ്ങള്‍ക്കുമിടയില്‍ 1.8 കിലോമീറ്റര്‍ അകലം മാത്രമായിരുന്നു ഒരു വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുമ്പോള്‍ ഉണ്ടായിരുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.
ആദ്യം 29Lറണ്‍വേയിൽ ഇറങ്ങിയ അഹമ്മദാബാദ്-ഡല്‍ഹി വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളി (എടിസി)ന്റെ നിര്‍ദേശമനുസരിച്ച് 29R റണ്‍വേ ക്രോസ് ചെയ്ത് പാര്‍ക്കിങ് ബേയിലേക്ക് നീങ്ങി. എന്നാൽ അതേസമയം തന്നെ ഡല്‍ഹി-ബഗ്‌ദോഗ്ര വിമാനത്തിന് 29 R റണ്‍വേയിലൂടെ ടേക്ക് ഓഫിനുള്ള അനുമതി നല്‍കിയിരുന്ന കാര്യം എടിസി വിട്ട് പോയതായും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.
അഹമ്മദാബാദ്-ഡല്‍ഹി വിമാനത്തില്‍ നിന്ന് ഉടനടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നിര്‍ദേശം നൽകിയതിലെ പിഴവ് കാര്യം തിരിച്ചറിഞ്ഞ എടിസിയുടെ നിര്‍ദേശമനുസരിച്ച് ഡല്‍ഹി-ബഗ്‌ദോഗ്ര വിമാനത്തിന്റെ ടേക്ക് ഓഫ് ടവര്‍ കണ്‍ട്രോളര്‍ റദ്ദാക്കി. ഇത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഡല്‍ഹി വിമാനത്താവളത്തിന്റെ പെരുമാറ്റച്ചട്ടമനുസരിച്ച് വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിങ് അവസരങ്ങളില്‍ റണ്‍വേയിലൂടെ മറ്റൊരു വാഹനത്തിന്റേയോ വിമാനത്തിന്റേയോ സഞ്ചാരം അനുവദിക്കുന്നതല്ല.
അതേസമയം അഹമ്മദാബാദ്-ഡല്‍ഹി വിമാനത്തിന്റെ പൈലറ്റായ നാല്‍പത്തഞ്ചുകാരി സോനു ഗില്ലിന്റെ ഇടപെടലാണ് ഈ വലിയ അപകടം ഒഴിവാകാന്‍ കാരണമായത്. യാത്ര റദ്ദാക്കിയ ഉടനെ തന്നെ ഡല്‍ഹി-ബഗ്‌ദോഗ്ര വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റി. വീണ്ടും ടേക്ക് ഓഫ് നടത്താനും യാത്രയ്ക്ക് സജ്ജമാകാനുള്ള ഇന്ധനം വിമാനത്തിലുണ്ടെന്ന് ഉറപ്പുവരുത്താന്‍ കൂടിയാണ് വിമാനം പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയത്.