ഈ വർഷം ഹജ്ജ് നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് 12 ലക്ഷം സീറ്റുകൾ അനുവദിച്ചതായി സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തീർഥാടകരെ സൗദിയിലെത്തിക്കാൻ എയർ ട്രാൻസ്പോർട്ട്, ഫ്ലൈ അദീൽ, സൗദി പ്രൈവറ്റ് എയർലൈൻസ് കമ്പനികൾ എന്നിവക്കായി സൗദി എയർലൈൻസ് വഴിയാണ് സീറ്റുകൾ നൽകുന്നത്.
ഷെഡ്യൂൾ ചെയ്ത 100ലേറെ കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരെ എത്തിക്കും. കൂടാതെ ജിദ്ദ, മദീന, റിയാദ്, യാംബു, ദമ്മാം, ത്വാഇഫ്, എന്നീ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള ആറ് ആഭ്യന്തര വിമാനത്താവളങ്ങൾ വഴിയും 8,000ത്തിൽ അധികം സൗദി എയർലൈൻസ് ഗ്രൂപ് വഴിയും തീർഥാടകർ എത്തുമെന്ന് അധികൃതർ അറിയിച്ചു. സൗദി എയർലൈൻസ് ഗ്രൂപ്പിലെ ഹജ്ജ് ഉംറ വകുപ്പിന്റെ സിഇഒയായ അമീർ അൽ ഖാഷിൽ കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് നടപ്പാക്കുന്ന ഹജ്ജ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരുന്നു.
സൗദി എയർലൈൻസ് തീർത്ഥാടകർക്ക് നൽകുന്ന സേവനം കുറ്റമറ്റതാക്കാൻ പരമാവധി ജാഗ്രത പുലർത്തും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും നൽകാൻ ഏറെ ശ്രദ്ധ ചെലുത്തും. ഇതുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് ഉദ്യോഗസ്ഥന്മാർക്കും നിർദേശങ്ങൾ നൽകിയതായും അമീർ അൽ ഖാഷിൽ അറിയിച്ചു. മേയ് 21ന് സൗദിയിലേക്കുള്ള ആദ്യ വിദേശ ഹജ്ജ് തീർഥാടകരുടെ വരവിന് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.