സോമാറ്റോയ്ക്കുണ്ട് വ്യത്യസ്തനായ ഒരു ഡെലിവറി ബോയ്. മോട്ടോർ ബൈക്കിലൊ സൈക്കിളിലോ അല്ല, വീൽചെയറിലാണ് ഈ ഡെലിവറി ബോയ് സഞ്ചരിക്കുന്നത്. ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഇദ്ദേഹത്തിന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് നിരവധി പേർ.
ഗ്രൂമിംഗ് ബുൾസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചെന്നൈ സ്വദേശി ഗണേശ് മുരുകന്റെ വിഡിയോ വൈറൽ ആയത്. പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കിയ ഇയാൾ ഇന്ത്യയിലെ ആദ്യത്തെ വീൽചെയർ ഫുഡ് ഡെലിവറി ബോയ് ആണ്.
2006 ഇൽ ഉണ്ടായ ഒരു ട്രക്ക് ആക്സിഡന്റിനെ തുടര്‍ന്നാണ് ഗണേശ് മുരുകന്റെ ജീവിതം വിധിയോട് പൊരുതാന്‍ ആരംഭിച്ചത്. അപകടത്തില്‍ സ്പൈനൽ കോഡിന് ക്ഷതം സംഭവിച്ചു. ആറു വർഷം വീട്ടിലുളളില് അകപ്പെട്ടുപോയ ഗണേഷ് മുരുകന് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാന്‍ തയ്യാറായതോടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകൾ ഉടലെടുക്കുകയായിരുന്നു.
പ്രത്യേകം രൂപകല്പന ചെയ്ത മോട്ടോർ വീൽ ചെയറിലാണ് ഗണേഷ് മുരുകന്റെ ഫുഡ് ഡെലിവറി. മദ്രാസ് ഐഐടിയിലെ മൂന്ന് വിദ്യാർത്ഥികളും അധ്യാപകനും ചേർന്ന് തുടങ്ങിയ സ്റ്റാർട്ട് അപ്പ് ആയ നിയൊമേഷൻ അസിസ്റ്റീവ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പ്രത്യേകം വീല്‍ചെയര്‍ നിര്‍മ്മിച്ചുനല്‍കിയത്. ഫുഡ് ഡെലിവറി എന്ന ഈ പാർട്ട് ടൈം ജോലിയിലൂടെ പ്രതിമാസം 6,000 രൂപ അധികം സമ്പാദിക്കുന്നുണ്ടെന്ന് ഗണേഷ് മുരുകന് പറയുന്നു.
View this post on Instagram
തെരുവിലൂടെ വീൽച്ചെയറിൽ ഫുഡ് ഡെലിവറ്റി ചെയ്യുന്ന ഗണേഷ് മുരുകന്റെ ഈ വീഡിയോ ബഹുമാനത്തോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല. വീഴ്ചകളിൽ തളർന്നു പോവാതെ, നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാതെ അധ്വാനിച്ചു ജീവിക്കുന്ന ഇദ്ദേഹം മറ്റുള്ളവർക്കും ജീവിക്കാനുള്ള കരുത്താണ് പകർന്നു നൽകുന്നത്. ചെറിയ വിഷമങ്ങളിൽ പോലും തകർന്നു പോകുന്നവരോട് സ്വന്തം ജീവിതം ഉയര്‍ത്തിക്കാട്ടി ” ലൈഫ് ഈസ് ബ്യൂട്ടിഫുൾ ” എന്ന് വിളിച്ചു പറയുകയാണ് ഇദ്ദേഹം.