സംസ്ഥാനത്ത് മങ്കി പോക്സ് എന്ന് സംശയം. യു എ ഇയിൽ നിന്നും വന്നയാളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് വന്നത്. യു എ ഇയിൽ സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെയാണ് ഇയാളെ ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കിയത്. സാമ്പിൾ പരിശോധനക്ക് അയച്ചെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗിയുടെ കുടുംബത്തെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പരിശോധനാ ഫലം ഇന്ന് വൈകിട്ട് ലഭ്യമാകുമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം പകരുക ശരീര സ്രവങ്ങളിലൂടെയാണ്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കി പോക്സിൻ്റെ പ്രധാനം ലക്ഷണങ്ങൾ. മങ്കി പോക്സ് ബാധിതരിൽ മരണനിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോൺടാക്ട് ഉണ്ടെങ്കിൽ മാത്രമേ ഈ രോഗം പകരുകയുള്ളെന്നും മന്ത്രി വിശദമാക്കി.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളിൽ നിന്നും പടരാൻ സാധ്യതയുള്ള രോഗമാണ് മങ്കി പോക്സ്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ ലഭിക്കും. ക്വാറൻ്റൈനിൽ കഴിയുന്നയാൾക്ക് ചികിത്സ നൽകുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.