മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 75 രാജ്യങ്ങളിലായി 16,000 പേരിലേക്ക് രോഗം വ്യാപിച്ചതോടെയാണ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. മങ്കിപോക്സ് വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നതായി ലോകാരോഗ്യസംഘടനാ തലവൻ ഡോ. ടെഡ്രോസ് അഥനോം പറഞ്ഞു. കൊവിഡിന് ശേഷം ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ രോഗമാണ് മങ്കി പോക്സ് അഥവാ കുരങ്ങ് വസൂരി.
രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നതിനാൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന് ആലോചിക്കാൻ ലോകാരോഗ്യസംഘടനയുടെ പ്രത്യേകസമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. മേയിൽ രോഗവ്യാപനം സ്ഥിരീകരിച്ചതിനുശേഷം ഇത് രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ലോകാരോഗ്യ സംഘടന പരിഗണിച്ചിരിക്കുന്നത്.
അസാധാരണമായ രോഗവ്യാപനം ഉണ്ടാകുകയോ രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത വർധിക്കുകയോ രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യമായി വരികയോ ചെയ്താൽ ആണ് ഒരു രോഗത്തെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുക. കൊവിഡിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചപ്പോൾ ചൈനയ്ക്ക് പുറത്ത് 82 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മങ്കി പോക്സ് ബാധിച്ച രോഗികളിൽ 70 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിലാണ്.