സഹിക്കാൻ വയ്യാത്ത ചൂടിൽ വെന്തുരുകുകയാണ് ജനം. എന്ത് ചെയ്താലാണ് ചൂട് കുറയുക എന്ന് വിചാരിച്ച് ശരീരം തണുപ്പിക്കാനായി തണുത്ത വെള്ളവും പഴവർഗങ്ങളുമെല്ലാം ആവശ്യാനുസരണം കഴിക്കാറുമുണ്ട്. അത്തരത്തിൽ എല്ലാവരും കഴിക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. ദാഹവും ക്ഷീണവുമകറ്റാൻ ഇതിലും നല്ലൊരു മാർഗം വേറെയില്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞുകൊണ്ടാണോ ഇത് കഴിക്കുന്നത് എന്ന് ചോദിച്ചാൽ അല്ല എന്നാകും മിക്കവരുടെയും മറുപടി.
കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും നാരും അന്നജവും കുറവായ തണ്ണിമത്തൻ ജലാംശത്തിന്റെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും ആന്റി ഓക്സിഡന്റുകളുടെയുമെല്ലാം കലവറയാണ്. കുടിവെള്ളത്തിനൊപ്പം ജലാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ജലത്തിന്റെ അളവ് നിലനിർത്താൻ ഉത്തമമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. തണ്ണിമത്തനിലാകട്ടെ 95 ശതമാനം വരെ ജലാംശം അടങ്ങിയിട്ടുമുണ്ട്. അതോടൊപ്പം വിറ്റാമിനുകളായ സി, എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും മിതമായ അളവിൽ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ തണ്ണിമത്തന് ചില ദോഷവശങ്ങൾ കൂടിയുണ്ട്. അതിൽ പ്രധാനപ്പെട്ടത് പ്ലാന്റ് സംയുക്‌തമായ ലൈസോപീൻ ആണ്. ഇതാണ് തണ്ണിമത്തന് ചുവന്ന നിറം നൽകുന്നതും. അതിനാൽ ഇത് അമിതമായി കഴിച്ചാൽ ഇവയിലെ ലൈസോപീനും സിംപിൾ കാർബോഹൈഡ്രേറ്റും പ്രശ്‌നക്കാരായി മാറും. അത് ദഹനക്കുറവിനും വയറു കമ്പിക്കലിനും വായുപ്രശ്നം, വയറിളക്കം, മലബന്ധം എന്നിവയ്ക്കും കാരണമായേക്കാം. കൂടാതെ ഇതിൽ പൊട്ടാസ്യം കൂടുതൽ ഉള്ളതിനാൽ കിഡ്‌നി രോഗങ്ങളുള്ളവർ ഡോക്‌ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശത്തോടെ മാത്രമേ ഈ പഴം അധിക അളവിൽ കഴിക്കാൻ പാടുള്ളു.