ആറുമാസം മാത്രം പ്രായമുള്ളപ്പോൾ ലിവർപൂൾ സ്വദേശിനി ഡാനി വിന്റോയുടെ കണ്ണുകൾ റെറ്റിനോ ബ്ലോസ്‌റ്റോമ എന്ന അപൂർവ്വ അർബുദ രോഗം ബാധിച്ച് നീക്കം ചെയ്യേണ്ടി വന്നു. പകരം കൃതിമ കണ്ണുകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞു നാൾ മുതൽ ഡാനി നേരിട്ടത് പരിഹാസങ്ങളെയും തുറിച്ചു നോട്ടങ്ങളേയുമാണ്. അതിനെല്ലാം ചേർത്ത് ഇന്നിതാ, സ്വർണം കൊണ്ടുള്ള കണ്ണുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തഞ്ചുകാരിയായ ഡാനി വിന്റോ.
ബാറിൽ ജോലി ചെയ്തിരുന്ന സമയത്ത് ആളുകളിൽ നിന്നും നേരിടേണ്ടി വന്നിട്ടുള്ള പരിഹാസങ്ങൾക്ക് അളവില്ല. ഈ അവസ്ഥ തുടർന്നപ്പോൾ ഡാനിക്കത് താങ്ങാനായില്ല. പരിഹാസങ്ങൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ആണ് അവൾ തീരുമാനിച്ചത്. ഒടുവില്‍ 162 പൗണ്ട് (15,629 രൂപ ) മുടക്കി നാഷണൽ ആർട്ടിഫിഷൽ ഐ സർവീസിൽ നിന്നും സ്വർണ്ണം കൊണ്ടുള്ള കണ്ണ് സ്വന്തമാക്കിയിരിക്കുകയാണ് ഡാനി. കണ്ണിലെ കൃഷ്ണ മണിയാണ് സ്വർണം കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത്.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ഡാനിക്കൊപ്പമുണ്ട്. തന്നെ പരിഹസിച്ചവര്‍ക്കുളള മറുപടിയാണിതെന്ന് ഡാനി പറയുന്നു. അതേസമയം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുള്ള ഡാനിയുടെ സ്വർണ കണ്ണ് വച്ചിട്ടുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണിപ്പോൾ. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകൾ ഡാനിക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.