പൊറോട്ടയും ബീഫും പതിവായി അമിത അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പ്രശസ്ത ഓൺകോളജിസ്റ്റ് ഡോ. വി.പി ഗംഗാധരൻ. സ്ഥിരമായി പൊറോട്ടയും ബീഫും കഴിക്കുന്നത് ആളുകളിൽ ക്യാൻസറിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ദേശീയ മാദ്ധ്യമത്തിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറയുന്നത്. കോളേജിൽ പഠിക്കുമ്പോൾ താനും പൊറോട്ടയും ബീഫും കഴിക്കാറുണ്ടായിരുന്നു. എന്നാൽ ഇതിന്റെ അപകട സാദ്ധ്യത വ്യക്തമായതോടെ നിർത്തി. ഇപ്പോൾ പൊറോട്ടയും ബീഫും കഴിക്കാറില്ല. വല്ലപ്പോഴും ഈ കോമ്പോ കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല. എന്നാൽ സ്ഥിരമായി കഴിക്കുന്നത് ക്യാൻസർ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ഗംഗാധരൻ വ്യക്തമാക്കി.
പാശ്ചാത്യരുടെയും ഇഷ്ട ഭക്ഷണങ്ങൾ ആണ് പൊറോട്ടയും ബീഫും. എന്നാൽ നമ്മുടെയത്ര ആരോഗ്യപ്രശ്‌നങ്ങൾ അവർക്കില്ല. അതിന് കാരണം ഈ ഭക്ഷണങ്ങൾക്കൊപ്പം അവർ ധാരാളം സാലഡ് കഴിക്കാറുണ്ട്. ഭക്ഷണത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുന്നു എന്നതാണ് ഇവരുടെ ഭക്ഷണ ശൈലിയുടെ പ്രത്യേകത. ഇത് ഏറെ ആരോഗ്യകരമാണ്.
നമ്മുടെ അവിയലിലും തോരനിലും ധാരാളം പച്ചക്കറികളും മഞ്ഞളും കറിവേപ്പിലയുമൊക്കെ അടങ്ങിയിട്ടുണ്ട്. എന്നാൽ നമ്മളിൽ എത്രപേർ ഇതെല്ലാം കഴിക്കാറുണ്ട് ? മലയാളിയുടെ ഭക്ഷണ ശീലമാണ് അവരെ രോഗികളാക്കുന്നത്. സമീകൃത ആഹാര ശൈലി നാം പാലിക്കണം. ഭക്ഷണത്തിൽ അമ്പത് ശതമാനം പച്ചക്കറികളും പഴവും 25 ശതമാനം ധാന്യവും 25 ശതമാനം പ്രോട്ടീനും അടങ്ങിയിരിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു. നല്ല ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമവും ശീലമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.